Kerala
കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയതിനെതിരെ അപ്പീലുമായി വെള്ളാപ്പള്ളി നടേശൻ. ഹൈക്കോടതിയിൽ അപ്പീൽ നൽകി. തുടർച്ചയായി റിട്ടേൺ സമർപ്പിച്ചില്ല എന്ന സിംഗിൾ ബെഞ്ചിന്റെ കണ്ടെത്തലിൽ തെറ്റുണ്ടെന്നും അതുകൊണ്ട് അയോഗ്യത നിലനിൽക്കില്ലെന്നുമാണ് അപ്പീലിലെ വെള്ളാപ്പള്ളിയുടെ വാദം.
മൂന്നുവർഷം തുടർച്ചയായി റിട്ടേൺ സമർപ്പിക്കാതെ ഇരുന്നാൽ മാത്രമേ സെക്ഷൻ 164( 2) ബാധകമാവുകയുള്ളൂ. നിലവിൽ സ്റ്റേ ചെയ്ത ഒരു നിയമത്തെ അടിസ്ഥാനമാക്കിയാണ് സിംഗിൾ ബെഞ്ച് അയോഗ്യത കൽപ്പിച്ചത്. കേന്ദ്ര സർക്കാർ കമ്പനി നിയമപ്രകാരം ഡിൻ നമ്പറുകൾ അപ്പീലർമാർ ഹാജരാക്കിയിരുന്നു.
ഡിൻ നൽകുന്നതിനായി സംസ്ഥാന സർക്കാർ ഒരു നിയമവും രൂപീകരിച്ചിട്ടില്ല. കൂടാതെ എസ്എൻഡിപി യോഗം സംസ്ഥാനത്തിന് പുറത്തും പ്രവർത്തിക്കുന്ന കമ്പനിയാണെന്നുമാണ് അപ്പീലിലെ വെള്ളാപ്പള്ളിയുടെ വാദം. ദേശീയ ട്രിബ്യൂണലിന് മാത്രമാണ് കമ്പനി ഡയറക്ടർമാരെ അയോഗ്യരാക്കാൻ ആവുകയെന്നും അപ്പീലിൽ പറയുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് വെള്ളാപ്പള്ളി നടേശനെയും വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി അടക്കമുള്ള ബോർഡ് അംഗങ്ങളെയും ഹൈക്കോടതി അയോഗ്യരാക്കിയത്. കമ്പനി നിയമ പ്രകാരം രജിസ്റ്റർ ചെയ്ത സ്ഥാപനം കഴിഞ്ഞ ഒമ്പത് വർഷമായി വാർഷിക റിട്ടേൺ സമർപ്പിച്ചില്ലെന്ന് കണ്ടെത്തിയാണ് നടപടി. താൽകാലിക ഡയറക്ടർമാരെ നിയമിച്ച് ഭരണം നടത്താൻ സർക്കാറിന് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
National
ന്യൂഡൽഹി: രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ പത്മ അവാർഡുകൾ പ്രഖ്യാപിച്ചു. പത്മ പുരസ്കാരങ്ങളിൽ അഭിമാനനേട്ടമാണ് കേരളം കൈവരിച്ചത്.
മുൻ മുഖ്യമന്ത്രി വി.എസ്. അച്യൂതാനന്ദനും സുപ്രീം കോടതി മുൻ ജസ്റ്റീസ് കെ.ടി. തോമസിനും പി.നാരായണനും (സാഹിത്യം, വിദ്യാഭ്യാസം) രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ ലഭിച്ചു. വി.എസിന് മരണാനന്തരബഹുമതിയായാണ് പദ്മവിഭൂഷൺ നൽകുന്നത്.
പത്മവിഭൂഷൺ ലഭിച്ച അഞ്ച് പേരിൽ മുന്ന് പേരും മലയാളികളാണ്. ഇവർക്കു പുറമേ വയലിനിസ്റ്റ് എൻ. രാജം, നടൻ ധർമ്മേന്ദ്ര സിംഗ് ഡിയോൾ (മരണാനന്തരം) എന്നിവർക്കാണ് പത്മവിഭൂഷൺ ലഭിച്ചത്.
ചലച്ചിത്ര നടൻ മമ്മൂട്ടിയും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മഭൂഷൺ പുരസ്കാരത്തിന് അർഹരായി.
എ. മുത്തുനായകം (ശാസ്ത്ര സാങ്കേതികം), കലാമണ്ഡലം വിമലാ മേനോൻ, കൊല്ലക്കയിൽ ദേവകി അമ്മ എന്നിവർക്ക് പത്മശ്രീ പുരസ്കാരവും ലഭിച്ചു.
Kerala
തിരുവനന്തപുരം: സമുദായ നേതാക്കളോടുള്ള വെല്ലുവിളി വി.ഡി.സതീശൻ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിലെ ഒരു വിഭാഗം രംഗത്ത്. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി കാറില്‍ കയറ്റിയതുമായി ബന്ധപ്പെട്ട സതീശന്റെ പരാമര്‍ശമാണ് വിവാദങ്ങൾക്ക് തുടക്കം.
തുടര്‍ന്ന് സതീശനെതിരെ വെള്ളാപ്പള്ളിയും എന്‍എസ്എസ് നേതാവ് ജി. സുകുമാരന്‍ നായരും രംഗത്തെത്തി. പിന്നാലെ വിശദീകരണവുമായി സതീശനും രംഗത്തെത്തിയിരുന്നു. സമുദായങ്ങളും മതങ്ങളും തമ്മിൽ ശത്രുത ഉണ്ടാകരുതെന്നും സമൂഹത്തിൽ ഭിന്നത ഉണ്ടാക്കരുതെന്നുമാണ് കോൺഗ്രസ് നിലപാട്.
അത് മാത്രമാണ് താൻ പറഞ്ഞിട്ടുള്ളതെന്നും സതീശൻ പറഞ്ഞു. എന്നാൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സമുദായ നേതാക്കളെ പിണക്കേണ്ടന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വം. ഇവരെ പിണക്കിയാൽ നാലു ജില്ലകളിൽ പാർട്ടിക്ക് തിരിച്ചടി നേരിടേണ്ടിവരുമെന്നും നേതാക്കൾ പറയുന്നു.
Kerala
തൃശൂർ: മുസ്ലിമിന് എതിരേയല്ല താൻ പറഞ്ഞതെന്നും ലീഗിലെ ചില നേതാക്കൾ കാണിച്ച അനീതി ചൂണ്ടിക്കാണിച്ചപ്പോൾമുസ്ലിംവിരോധമാക്കിയെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തൃശൂർ യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആദര സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹിക നീതിയും രാഷ്ട്രീയനീതിയും എല്ലാവർക്കും അവകാശപ്പെട്ടതാണ്. അസംബ്ലി, പാർലമെന്റ് തെരഞ്ഞെടുപ്പുകളിൽ പ്രാതിനിധ്യം വേണ്ടേ? സാന്പത്തിക - വിദ്യാഭ്യാസ കാര്യങ്ങളിൽ സാമൂഹികനീതി പാലിക്കപ്പെടേണ്ടതല്ലേ? ശ്രീനാരായണ ഗുരു യൂണിവേഴ്സിറ്റി സ്ഥാപിച്ചിട്ട് അവിടെ ഗുരുവിന്റെ ചിത്രംപോലും സ്ഥാപിച്ചില്ല. യോഗ്യരായ ശ്രീനാരായണീയർ ഉണ്ടായിട്ടും അവരെയൊന്നും അവിടെ വിസിയാക്കിയില്ല. ഇക്കാര്യം ചൂണ്ടിക്കാണിച്ചപ്പോൾ എതിർപ്പുമായി വന്നത് ലീഗുകാരാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Kerala
ആലപ്പുഴ: മുസ്ലിം ലീഗിനെതിരെ വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. സാമുദായിക സംവരണം വേണമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി മുസ്ലിം ലീഗ് കാര്യം സാധിച്ചപ്പോള്‍ ഒഴിവാക്കിയെന്നു വെള്ളാപ്പള്ളി പറഞ്ഞു.
മുസ്ലിം ലീഗും താനും ഒരിക്കല്‍ അണ്ണനും തമ്പിയുമായിരുന്നുവെന്നും ഡല്‍ഹിയില്‍ അടക്കം സമരം നടത്താന്‍ ലക്ഷങ്ങള്‍ ചെലവാക്കിയിട്ടുണ്ട്. അവരുടെ കാര്യം നേടി കഴിഞ്ഞപ്പോള്‍ ഒഴിവാക്കി. ഇതാണോ ഒന്നിച്ച് സമരം ചെയ്യുന്നവര്‍ ചെയ്യേണ്ടത്.
യുഡിഎഫ് ഭരണത്തില്‍ വന്നാല്‍ വിദ്യഭ്യാസ സംവരണം നേടിത്തരാം എന്ന് പറഞ്ഞു. പിന്നീട് ആലുവ മണപ്പുറത്ത് കണ്ട ഭാവം നടിച്ചില്ല. മലപ്പുറത്ത് ലീഗിന് മാത്രം 17 കോളജ് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
പേര് തന്നെ മുസ്ലിം ലീഗ് എന്നാണ്. അതിന്റെ അർഥം മുസ്ലിം കൂട്ടായ്മ എന്നാണ്. ലീഗ് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫില്‍ പോലും ഇതര മതസ്ഥരില്ല. സമുദായത്തിന്റെ ദുഃഖമാണ് പറയുന്നത്. കരയുന്ന കുഞ്ഞിനെ പാലുള്ളു. കരഞ്ഞതു കൊണ്ട് പ്രാധാന്യം കിട്ടി. നമ്മളെ സഹായിക്കുന്നവരെ നമ്മള് ഇഷ്ടപെടണം.
എല്‍ഡിഎഫ് സർക്കാർ ആയതു കൊണ്ടാണ് സാമൂഹിക പെന്ഷന് വിതരണം ചെയ്തതെന്നും അത് അടിസ്ഥാന വര്‍ഗത്തിനാണ് ലഭിക്കുന്നതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
Kerala
ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പിനെ ശബരിമല സ്വര്‍ണപ്പാളി വിവാദം സ്വാധീനിക്കില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ശബരിമല വിഷയം പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ ആയുധം മാത്രമാണ്. അത് ജനം തിരിച്ചറിഞ്ഞുവെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
സ്വര്‍ണം കട്ടവര്‍ ഓരോരുത്തരായി ജയിലിലേക്ക് പോകുകയാണെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകില്ലെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
മൂന്ന് മുന്നണികളും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഈഴവ സമുദായത്തിന് കാര്യമായ പരിഗണന നല്‍കിയെന്നും വെള്ളാപ്പള്ളി നടേശന് കൂട്ടിച്ചേർത്തു.